ഗുരുവായൂർ ക്ഷേത്രത്തിൽ ശാന്തിയേറ്റ കീഴ്ശാന്തി കൊടക്കാട് കൃഷ്ണൻ നമ്പൂതിരിയും കിഴിയേടം ഡോ. വാസുദേവ് കെ. നമ്പൂതിരിയും ചുമതലയേറ്റു. ആഗസ്റ്റ് ഒന്നു മുതൽ ആറുമാസകാലത്തേക്കാണ് കാലാവധി.

കൊടക്കാട് കൃഷ്ണൻ നമ്പൂതിരിയും കിഴിയേടം ഡോ. വാസുദേവ് കെ. നമ്പൂതിരിയും
ജൂലൈ 31ന് ദീപാരാധനക്ക് ശേഷം ആറുമാസം ശാന്തിയേറ്റ കീഴ്ശാന്തിമാരായി ചുമതല നിർവ്വഹിച്ചുവന്നിരുന്ന മഞ്ചിറ കേശവൻ നമ്പൂതിരിയും ചെറുതയൂർ അജിത്ത് നമ്പൂതിരിയും നമസ്കാര മണ്ഡപത്തിൽ വെള്ളിക്കുടം കമഴ്ത്തി ചുമതലയൊഴിഞ്ഞു.
ചുമതലകൾ
ദിവസവും മൂന്ന് ശിവേലിക്ക് സ്വർണ്ണ തിടമ്പ് എഴുന്നള്ളിക്കുന്നതും വിശേഷ നിവേദ്യങ്ങൾ തയ്യാറാക്കുന്നതും ശ്രീകോവിലേക്ക് എഴുന്നള്ളിക്കുകയും ചെയ്യുന്നത് ഈ ശാന്തിയേറ്റ കീഴ്ശാന്തിമാരാണ്.
കൂടാതെ മറ്റ് കീഴ്ശാന്തിമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും ഇവരാണ്.
ദേവസ്വം ഭരണാധികാരികളായി യോജിച്ചു ക്ഷേത്രത്തിന്റെ സുഖമമായ പ്രവർത്തനങ്ങൾക്ക് വേണ്ട തീരുമാനങ്ങൾ എടുക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ഇവർ പ്രവർത്തിക്കുന്നു.
നിത്യവും അത്താഴ ശിവേലിക്കു ശേഷം തൃപ്പുക എന്ന ചടങ്ങ് നടത്തുന്നതിന്റെ ചുമതല ഈ ശാന്തിയേറ്റ കീഴ്ശാന്തിമാർക്കാണ്.
ഉത്സവ കാലത്ത് പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ദീപാരാധന നടത്തുന്നതും ഈ ഊഴം പുറപ്പാട് അഥവാ ശാന്തിയേറ്റ കീഴ്ശാന്തിമാർക്കാണ്.
ചുമതലയുള്ള ആറുമാസം ഇവർക്ക് ക്ഷേത്രം ക്ഷേത്രത്തിൽ നിന്ന് സ്വന്തം കുടുംബത്തേക്ക് പോകാൻ മാത്രമേ പാടുള്ളൂ. നട തുറന്നിരിക്കുന്ന സമയങ്ങളിൽ ഇവരിൽ ആരെങ്കിലും ഒരാൾ എപ്പോഴും ക്ഷേത്രത്തിൽ കാണണം.
ക്ഷേത്ര ചടങ്ങുകൾ മുടങ്ങാതെ നടക്കുന്നതിനായി പുല,വാലായ്മ എന്നീ ആശൂലങ്ങൾ പരസ്പരം വരാത്ത ഇല്ലത്തെ അംഗങ്ങൾ ഒരേ സമയം ചുമതലയേല്ക്കുന്ന രീതിയിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.
നാകേരി,വേങ്ങേരി, കൊടക്കാട് എന്നീ മൂന്ന് ഇല്ലങ്ങൾക്ക് മറ്റു ഇല്ലങ്ങളുമായി പുല, വാലായ്മ ബന്ധങ്ങൾ ഇല്ല.
അതിനാൽ ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളിൽ ഈ ഇല്ലങ്ങളിലെ കീഴ്ശാന്തിമാർ എല്ലാവരും ഗുരുവായൂരിൽ തന്നെ ഉണ്ടാകണമെന്ന് നിഷ്കർഷിച്ച് വന്നിരുന്നു.
സമാവർത്തനത്തിനും ശേഷം വളരെ ചെറുപ്പത്തിൽ തന്നെ ക്ഷേത്രത്തിലെ ജോലികളിൽ ഇവർ പങ്കെടുക്കുന്നു
രണ്ടാം ഊഴം…
നിരവധി തവണ ഊഴം പുറപ്പാട് ചുമതല വഹിച്ച പരേതനായ കൊടയ്ക്കാട് കൃഷ്ണൻ നമ്പൂതിരിയുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായ കൊടക്കാട് കൃഷ്ണൻ നമ്പൂതിരി രണ്ടാം തവണയാണ് ഊഴം പുറപ്പാട് ചുമതല വഹിക്കുന്നത്.

2007 ഇദ്ദേഹം ആദ്യമായി ചുമതല വഹിക്കുന്നത്. മൂന്നര പതിറ്റാണ്ടിലേറെയായി ഗുരുവായൂർ കീഴ്ശാന്തി പ്രവർത്തി ഇദ്ദേഹം നിർവഹിക്കുന്നു.
സഹോദരങ്ങളായ ഗോവിന്ദൻ നമ്പൂതിരിയും കേശവൻ നമ്പൂതിരിയും നിരവധിതവണ ഊഴം പുറപ്പാട് ശാന്തി ഏറ്റിട്ടുണ്ട്.ഭാര്യ സൗമ്യ അന്തർജനം ( അദ്ധ്യാപിക ) മക്കൾ ഭദ്ര , യദുകൃഷ്ണൻ
ആദ്യ ഊഴം…
ആയുർവേദ ഡോക്ടറായവാസുദേവ് കെ നമ്പൂതിരി ആദ്യമായാണ് ചുമതലയേൽക്കുന്നത്. പരേതനായ കിഴിയേടം കേശവൻനമ്പൂതിരിയുടെയും ഗീതാ അന്തർജനത്തിന്റെയും മകനാണ്.
ഭാര്യ – ആതിര അന്തർജനം (ആയുർവേദ ഡോക്ടർ )മക്കൾ- കേശവ്, തൻവി.

ഓണവും, നിറയും പുത്തരിയും , അഷ്ടമി രോഹിണിയും, കുചേല ദിനവും, ഗുരുവായൂർ ഏകാദശി മഹോത്സവവും, മണ്ഡല കാലവും ഉൾപ്പെടെയുള്ള കാലമാണ് ഇവരുടെ ഊഴം.
2026 ആഗസ്റ്റ് 1 മുതൽ ജനവരി 31 കൂടിയുള്ള 6 മാസത്ത ഊഴത്തിൽ ഭഗവാനെ സേവിക്കാനുള്ള അവസരമാണ് ഇവർക്ക് ലഭിക്കുന്നത്.
ജന്മസുകൃതത്തോടൊപ്പം വ്രതശുദ്ധിയുടെയും ആത്മസമർപ്പണത്തിന്റെയും നാളുകളാണ് ഇനി ഇരുവർക്കും…

GIPHY App Key not set. Please check settings