കേരളത്തിന്‍റെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന ജില്ലയാണ് കോട്ടയം. എറണാകുളം,ഇടുക്കി,പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളുമായി കോട്ടയം
അതിർത്തി പങ്കിടുന്നു.
അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം ജില്ലയിൽ ചെറുതും വലുതും ആയ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ഉത്തരവാദിത്വടൂറിസത്തിന്‍റെ മാതൃക ആയ കുമരകം മുതൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം ആയ ഇല്ലിക്കൽ കല്ല് വരെ കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
ഇലവീഴാപൂഞ്ചിറ
കോട്ടയം ജില്ലയിലെ ഒരു ഹിൽ സ്റ്റെഷനാണ് മേലുകാവ് വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ.കോട്ടയ-ഇടുക്കി ജില്ലാ അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇലപൊഴിയും കാടുകളും മരങ്ങളും ആണ് ഇവിടുത്തെ പ്രത്യേകത . കോടമഞ്ഞിന്‍റെയും തണുപ്പിന്‍റെയും വിഹാര കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ.
ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടിൽ സഞ്ചരിച്ചു 6km അകത്തോട്ടു പോയാൽ ഇലവീഴാ പൂഞ്ചിറയിൽ എത്താം. 4 km ഓഫ്‌റോഡ് ആണ് . ജീപ്പ് സർവീസ് ലഭ്യമാണ്. ഇലവീഴാപൂഞ്ചിറയുടെ മുകളിൽ നിന്ന് മലങ്കര ഡാമിന്‍റെ വിദൂര ദൃശ്യങ്ങൾ കാണാം. പൂഞ്ചിറയിൽ ഒരു പോലീസ് സ്റ്റേഷനുംകൺട്രോൾറൂമുംപ്രവർത്തിക്കുന്നുണ്ട്.
അയ്യൻപാറ
കോട്ടയം ജില്ലയിലെ തന്നെ സൂര്യാസ്തമയം മികച്ച രീതിയിൽ കാണുവാൻ സാധിക്കുന്ന സ്ഥലം ആണ് അയ്യൻപാറ. ഇടുക്കി-തൊടുപുഴ റൂട്ടിൽ സഞ്ചരിച്ചു മങ്കൊമ്പ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞാണ് അയ്യൻപാറയിലേക്കു പോകുന്നത്. പേരുപോലെ തന്നെ പാറക്കൂട്ടങ്ങൾ ആണ് ഇവിടെ ഉള്ളത്. അയ്യൻപാറയിൽ ഒരു പള്ളിയും, അമ്പലവും ഉണ്ട്.
പാറകൾക്കു ഇടയിൽ വളരുന്ന പുൽമേടുകൾ, വിവിധ തരം മരങ്ങൾ എന്നിവ മനോഹാരിത ചൊരിയുന്നു.രാവിലെയും, വൈകുന്നേരങ്ങളിലും കുടുംബ ത്തോടൊപ്പവും അല്ലാതെയും ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട്. ഇല്ലിക്കൽ കല്ല്,ഈരാറ്റുപേട്ട ടൗൺ, വല്യച്ഛൻ മല, ഇലവീഴാപൂഞ്ചിറ എന്നിവയുടെ വിദൂര ദൃശ്യങ്ങൾ അയ്യൻപാറയിൽ നിന്ന് കാണാൻ സാധിക്കും.
വല്യച്ഛൻ മല
ഈരാറ്റുപേട്ടയിലെ അരുവിത്തറ പള്ളിയോടു ചേർന്നുള്ള കുരിശുമല ആണ് വല്യച്ഛൻ മല. കേരളത്തിലെ ഏറ്റവും വലിയ കുരിശ് ഇവിടാനുള്ളത്..
മല അടിവാരത്തു നിന്ന് കാൽനടയായും, സ്വന്തം വാഹനത്തിലും മലയുടെ മുകളിൽ എത്താം. വൈകുന്നേരങ്ങളിൽ മലയുടെ മുകളിൽ നിന്ന്, ലൈറ്റുകൾ ശോഭ പകരുന്ന ഇരാറ്റുപേട്ടയുടെ ഭംഗിയും ആസ്വദിക്കാം.

വാഗമൺ
കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് വാഗമൺ. ഈരാറ്റുപേട്ടയിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരമുണ്ട് ഈ മനോഹരമായ പ്രദേശത്തേക്ക്.
തേയിലത്തോട്ടങ്ങൾ, പൈൻ മരങ്ങൾ, മൊട്ടക്കുന്നുകൾ എന്നിവയും അതോടൊപ്പം നല്ല തണുത്ത കാലാവസ്ഥയുമാണ് വാഗമണിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
ഇവിടേക്കുള്ള യാത്രയും അതിമനോഹരമാണ്. കോട്ടയം, പാലാ, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നും വാഗമണിലേക്ക് കെഎസ്ആർടിസി ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്.
ഇല്ലിക്കൽ കല്ല്
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. അധികമാർക്കും അറിയാതെ കിടന്നിരുന്ന ഈ സ്ഥലം പ്രശസ്തമാക്കിയത് സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളാണ്. ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ ‘കൂടക്കല്ല്’ എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ ‘കൂനൻ കല്ല്’ എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്.
ഇല്ലിക്കൽ കല്ലിനു മുകളിൽ നീലക്കൊടുവേലി ഉണ്ടെന്ന് പ്രാദേശികമായി ഒരു വിശ്വാസമുണ്ട്. മുകളിൽ നിന്നും അറബിക്കടലും അവിടുത്തെ ഉദയം/അസ്തമയവും കാണാൻ കഴിയും. തലനാട് വഴിയും അയ്യമ്പാറ വഴിയും ഇല്ലിക്കൽകല്ലിലെത്താം.

കട്ടിക്കയം വെള്ളച്ചാട്ടം
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയ്ക്ക് സമീപമാണ് അധികം പ്രശസ്തി നേടാത്ത ഈ വെള്ളച്ചാട്ടം.ഇല്ലിക്കൽ കല്ല് എന്ന പ്രശസ്തമായ സ്ഥലത്തു നിന്നും വെറും 10 കിലോമീറ്റർ മാത്രമാണ് കട്ടിക്കയം വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം.
ഇടതൂർന്ന മരങ്ങളും കുന്നിൻ ചെരിവുകളും ഒക്കെ കടന്നാണ് ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നത്. തൊടുപുഴ-മുട്ടം-മേലുകാവ്-മേച്ചാൽ-ഇല്ലിക്കൽ കല്ല് -കട്ടിക്കയം എന്നതാണ് റൂട്ട്.

കുമരകം
ലോക വിനോദസഞ്ചാര ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള കോട്ടയം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് കുമരകം. വേമ്പനാട്ട് കായലിന്‍റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം. ഹൗസ് ബോട്ടുകളിലൂടെയുള്ള കായൽ യാത്രകൾക്ക് ആലപ്പുഴയോളം തന്നെ പേരുകേട്ട സ്ഥലമാണ് കുമരകവും.
മനോഹരങ്ങളായ കാഴ്ചകൾക്കൊപ്പം മീൻ, ഞണ്ട്, ചെമ്മീൻ തുടങ്ങിയ രുചിയേറുന്ന കായൽ വിഭവങ്ങളും ഇവിടെ വരുന്നവർക്ക് ആസ്വദിക്കാം. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍,ഹോംസ്റ്റേകള്‍ തുടങ്ങിയവക്കൊപ്പം ശുദ്ധമായ അന്തിക്കള്ള് ലഭിക്കുന്ന ഷാപ്പുകളിലും വരെ ഭക്ഷണപ്രിയര്‍ ഈ ഭക്ഷണങ്ങള്‍ തേടിയത്തൊറുണ്ട്. ദേശാടനക്കിളികൾ വരെ അതിഥികളായി എത്തുന്ന കുമരകം പക്ഷി സങ്കേതവും ഇവിടെ കാണേണ്ട കാഴ്ചകളിൽ ഒന്നാണ്.
വൈക്കം
എറണാകുളം-ആലപ്പുഴ ജില്ലകളോട് അടുത്തു കിടക്കുന്ന കോട്ടയത്തെ ഒരു പ്രദേശമാണ് വൈക്കം. വൈക്കം മഹാദേവ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകർഷണം.
നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ വൈക്കം, വിശ്വപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇവിടുത്തെ മഹാദേവ ക്ഷേത്രത്തിലാണ് നടക്കുന്നത്.ആലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങൾ പോലെ തന്നെ വൈക്കവും കായൽ യാത്രകൾക്ക് പേരുകേട്ടതാണ്.
മാർമല അരുവി വെള്ളചാട്ടം
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് മാർമല അരുവി വെള്ളച്ചാട്ടം. മീനച്ചിലാറിന്‍റെ കൈവഴിയായ വഴിക്കടവാറിന്‍റെ ഭാഗമായ അരുവിയിലാണ് ഈ വെള്ളച്ചാട്ടം. കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്.
വർഷകാലത്ത് ശക്തമായ ഒഴുക്കായതു കാരണം അരുവിയിലും വെള്ളച്ചാട്ടത്തിലും പ്രവേശിക്കാനാവില്ല. വിനോദസഞ്ചാരികൾ ധാരാളമായി എത്താറുള്ള ഇല്ലിക്കൽ മലനിരകളും ഇല്ലിക്കൽകല്ലും ഇതിനടുത്താണ്.
ഈരാറ്റുപേട്ടയിൽ നിന്ന് പത്തുകിലോമീറ്റർ ദൂരമാണ് മാർമല അരുവിയിലേയ്ക്കുള്ളത്. തീക്കോയിയിൽ നിന്ന് മംഗളഗിരി വഴിയും അടുക്കത്തു നിന്ന് വെള്ളാനി വഴിയും മാർമല അരുവിയിൽ എത്താം.

ഭരണങ്ങാനം തീർത്ഥാടന കേന്ദ്രം
കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്തുള്ള പ്രസിദ്ധമായ ഒരു സ്ഥലമാണ് ഭരണങ്ങാനം.വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് സെന്‍റെ മേരീസ് പള്ളിയോടു ചേർന്നുള്ള ഒരു ചെറിയ പള്ളിയിൽ ആണ്.
അതിനാൽ ഇവിടം ഒരു തീർത്ഥാടന കേന്ദ്രമായി അറിയപ്പെടുന്നു. ഇതുവഴി വാഗമൺ പോകുന്നവർക്ക്ഭരണങ്ങാനം പള്ളി കൂടി സന്ദർശിക്കാവുന്നതാണ്.
മാംഗോ മെഡോസ്
ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് കോട്ടയത്തെ കടുത്തുരുത്തിക്കു സമീപമുള്ള മാംഗോ മെഡോസ് തന്നെയാണ്. ഏകദേശം 120 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണം.
നാലായിരത്തിലേറെ ഇനം അപൂർവ മരങ്ങൾ ഇവിടെയുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. . പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് മാംഗോ മെഡോസ് എന്ന ഈ മഹാപ്രപഞ്ചം.

നീണ്ടൂർ ഫാം.
അപ്പർ കുട്ടനാടിന്‍റെ ഭംഗി വാനോളം ആസ്വദിക്കാൻ നീണ്ടൂർ ഫാം അവസരം നൽകുന്നു.. ഒരു പ്രൈവറ്റ് ഫാം ആയിട്ടു കൂടി തികച്ചും സൗജന്യം ആണ് പ്രവേശനം. ബോട്ടിങ്ങിനും, ഫുഡിനും പണം നൽകണം.. ഫാം ടുറിസത്തിന്‍റെ എല്ലാ ആധുനിക സാധ്യതകളും ഉൾപ്പെടുത്തിയാണ്ഈ ഫാം പ്രവർത്തിക്കുന്നത്.
വിവിധ ഇനം പശുക്കൾ, കോഴികൾ, പറവകൾ, മീനുകൾ, എമു പക്ഷി, കാട, കോവർ കഴുത, തുടങ്ങിയ വളർത്തു മൃഗങ്ങളുടെ നീണ്ട നിര തന്നെയുണ്ട് ഇവിടെ.
നോക്കാത്ത ദൂരത്തു പരന്നു കിടക്കുന്ന പാടശേഖരങ്ങൾ, പായൽ പച്ച പുതപ്പിച്ച തടാകങ്ങൾ, കരിമീനും വാളയും വിളയുന്ന കുളങ്ങൾ, വരമ്പത്തു നിലയുറച്ച കുള്ളൻ തെങ്ങുകൾ തുടങ്ങിയ കാഴ്ചകൾ ആസ്വദിക്കാം. കുട്ടികൾക്കായുള്ള ഒരു പാർക്കും, വാച്ച് ടവറും ഒരുക്കിട്ടുണ്ട്
അരുവികുഴി വെള്ളച്ചാട്ടം
കോട്ടയം ജില്ലയിലെ പള്ളിക്കതോടിന് അടുത്ത് സ്ഥിതി ചെയുന്ന വെള്ളച്ചാട്ടമാണ് അരുവികുഴി. മനോഹരമായ ഈ വെള്ളച്ചാട്ടത്തിൽ ഇറങ്ങുകയും കുളിക്കുകയും ചെയ്യാവുന്നതാണ്.
നാലുമണികാറ്റ്
റോഡിനു ഇരു വശങ്ങളിലും വിശാലമായ പാടശേഖരങ്ങൾ അവിടെ ഒരു വിശ്രമ കേന്ദ്രം അതാണ് നാലുമണികാറ്റ് . വൈകുന്നേരങ്ങളിലെ പാടശേഖരങ്ങളിൽ നിന്നുമുള്ള കാറ്റുമേറ്റുകൊണ്ട്. വിശ്രമിക്കാവുന്ന ഇരിപ്പിടങ്ങളും, ഊഞ്ഞാലുകളും ഇതാണ് നാലുമണിക്കാറ്റിലെ വിശേഷങ്ങൾ. ഒട്ടുമിക്ക യാത്രികരും വണ്ടി നിർത്തി വിശ്രമിക്കുന്ന സ്ഥലം.
കുട്ടികൾക്കായി ചെറിയ പാർക്കും നാലുമണികാറ്റിൽ ഒരുക്കിട്ടുണ്ട്.ഒരു വലിയ ചുണ്ടൻ വള്ളത്തിന്‍റെ രൂപം ഇവിടെ നിർമിച്ചു വെച്ചിട്ടുണ്ട്.
ഇനിയും ഒട്ടനവധി ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ കോട്ടയം ജില്ലയിലുണ്ട്. യാത്രയെയും പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നവർക്കും കോട്ടയം ജില്ലയിലെ പ്രകൃതി സുന്ദരമായ സ്ഥലങ്ങൾ വ്യത്യസ്തമായ ഒരു അനുഭവം നൽകുമെന്നു തീർച്ചയായും പറയാം.
GIPHY App Key not set. Please check settings